വൈക്കം കേരളത്തിലെ ഏറ്റവും പുരാതനവും ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമുള്ള നഗരങ്ങളിൽ ഒന്നാണ്. വേമ്പനാട് കായലിന്‍റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം, പുരാതന തിരുവിതാംകൂർ രാജ്യത്തിന്‍റെ പ്രധാന വ്യാപാര, കാർഷിക, മതകേന്ദ്രങ്ങളിലൊന്നായിരുന്നു. ജലഗതാഗത സൗകര്യങ്ങളും ഫലഭൂയിഷ്ഠമായ ഭൂമിയും വൈക്കത്തെ നൂറ്റാണ്ടുകളായി വികസനത്തിന്‍റെ പാതയിലേക്ക് നയിച്ചു. ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പ്രശസ്തമായ വൈക്കം മഹാദേവക്ഷേത്രം നഗരത്തിന്‍റെ ചരിത്രത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്‍റെയും കേന്ദ്രബിന്ദുവാണ്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി രൂപംകൊണ്ട തീർഥാടന സംസ്കാരവും വിപണികളും ഉത്സവങ്ങളും കലാരൂപങ്ങളും വൈക്കത്തെ കേരളത്തിലെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റി. വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി വൈക്കത്തെ നാനാമതസ്ഥരായ ജനങ്ങള്‍ ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ്. 

1924–25 കാലഘട്ടത്തിൽ നടന്ന വൈക്കം സത്യാഗ്രഹ സമരം വൈക്കത്തെ ഇന്ത്യൻ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാക്കി ഉയർത്തി. ക്ഷേത്രപരിസരത്തെ പൊതുവഴികളിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ, സാമൂഹിക സമത്വത്തിനും മനുഷ്യാവകാശങ്ങൾക്കുമായി നടന്ന സമാധാനപരമായ ഈ പ്രക്ഷോഭം രാജ്യശ്രദ്ധ പിടിച്ചുപറ്റി. ടി. കെ. മാധവൻ, കെ. കേളപ്പൻ, ജോർജ് ജോസഫ്, മഹാത്മാ ഗാന്ധി, പെരിയാർ ഇ. വി. രാമസാമി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ഈ സമരം കേരളത്തിലെ ജാതിവിവേചനത്തിനെതിരായ പോരാട്ടങ്ങൾക്ക് ശക്തമായ പ്രചോദനമായി. പിന്നീട് തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിനും സാമൂഹിക പരിഷ്‌കാരങ്ങൾക്കും ഈ പ്രക്ഷോഭം വഴിയൊരുക്കി.

ചരിത്രപ്രാധാന്യത്തോടൊപ്പം സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിനും വൈക്കം പ്രശസ്തമാണ്. ക്ഷേത്രകലകൾ, സംഗീതം, സാഹിത്യം, കായൽ സംസ്കാരം എന്നിവ വൈക്കത്തിന്റെ സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. കൃഷി, മത്സ്യബന്ധനം, കയർ വ്യവസായം, ജലഗതാഗതം തുടങ്ങിയ മേഖലകളുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ഈ നഗരം ഇന്ന് മതപരമായ വിനോദസഞ്ചാരത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും വ്യാപാരത്തിന്‍റെയും പ്രധാന കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുകയാണ്. സാമൂഹിക നീതിയുടെയും മതസൗഹാർദ്ദത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമായി വൈക്കം ഇന്നും കേരളത്തിന്റെ അഭിമാന നഗരങ്ങളിലൊന്നായി നിലകൊള്ളുന്നു.

Images
വൈക്കത്തിന്‍റെ ചരിത്രം